Tuesday 29 March 2016

2 + 2 = 5 !!!

Short Film Name : Two & Two
Year : 2011
Directed by : Babak Anvari
Written by : Babak Anvari
                     Gavin Cullen
Language : Persian
Country : Iran

Two & Two was nominated for the 2011 BAFTA film awards for best short film.

        Two & Two, 2011 ല്‍ ബബാക് അന്‍വാരി എന്ന ഇറാനിയന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം. നീണ്ട അഞ്ച് വര്‍ഷം പോലും ഉള്ളടക്കത്തിന്റെ കരുത്തില്‍ ഒരു കോട്ടവും തട്ടിയില്ല എന്ന് വേണം പറയാന്‍. പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു സ്കൂള്‍ പശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ പറയുന്നത്. സംഭവങ്ങള്‍ മുഴുവന്‍ ഒരേ ക്ളാസ്സ്റൂമില്‍ ചിത്രീകരിച്ചതിനാല്‍ ദൃശ്യമികവിനെ കുറിച്ചൊന്നും പറയാന്‍ ഇവിടെ നമുക്കവകാശമില്ല. തീര്‍ത്തും പരിമിതമായ പരിതസ്ഥിതിയില്‍ താന്‍ ഉദ്ദേശിച്ച സന്ദേശം എത്ര പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതിലാണ് സംവിധായകന്റെ വിജയം. ആ ഒരു കടമ്പയില്‍ പരിധിയിലേറെ വിജയിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇന്നത്തെ സമൂഹത്തെ ആഴത്തില്‍ മനസ്സിലാക്കാനും പഠിക്കാനും ഇതിലൂടെ സംവിധായകന്‍ നമ്മളെ സഹായിക്കുന്നു.

          അദ്ധ്യാപകന്റെ കടന്നു വരവോടെ നിശബ്ദമാകുന്ന ക്ളാസ്സ്. എന്തോ പ്രധാന അറിയിപ്പിന് കാത്തിരിക്കുന്ന അദ്ധ്യാപകന്‍.
        '' ഞാന്‍ പ്രധാനാദ്ധ്യാപകന്‍, ഇന്ന് വളരെ പ്രധാനമായ ഒരു പാഠം നിങ്ങളെ പഠിപ്പിക്കുന്നു. അദ്ധ്യാപകര്‍ പറയുന്നതനുസരിച്ച് സ്കൂളിന്റെ യശസ്സുയര്‍ത്തുക. ''

       അന്നത്തെ പാഠം 2+2=5 എന്നതായിരുന്നു. ഉയര്‍ന്നു വന്ന മുറുമുറുപ്പുകള്‍ ഒറ്റവാക്കിനാല്‍ അവസാനിപ്പിക്കുന്നു. പുതിയ പാഠം എല്ലാവരോടും ഏറ്റുപറയാന്‍ പറയുന്നു, അതവര്‍ അനുസരിക്കുന്നു. പുതിയ പാഠത്തില്‍ സംശയം പ്രകടിപ്പിച്ച കുട്ടിയെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്നു. 2+2=5 എന്ന് തീരെ അംഗീകരിക്കാത്ത കുട്ടിയെ സാങ്കല്‍പ്പികമായ് അപായപ്പെടുത്തി. പിന്നെ പുതിയ പാഠം നോട്ടുബുക്കിലെഴുതാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അഞ്ച് തിരുത്തി നാല് എന്ന ശരിയുത്തരം വേറൊരു കുട്ടി എഴുതുന്നിടത്ത് ഈ ചിത്രം അവസാനിക്കുന്നു.

    2+2=4 എന്ന് കാലാകാലങ്ങളായ് നമ്മള്‍ വിശ്വസിച്ച് വരുന്ന ശാസ്ത്രീയ അടിത്തറയുള്ള സങ്കലനമാണ്. അത് തിരുത്താന്‍ ഒരിക്കലും കഴിയാത്ത വിധം നമ്മുടെ മനസ്സില്‍ വേരോടിക്കഴിഞ്ഞു. ഇനി വെറുതെ ആലോചിക്കുക. 2+2=4 എന്നത് തെറ്റാണെന്ന് മുഴുവന്‍ ശാസ്ത്രീയ പിന്‍ബലത്തോട് കൂടിയും തെളിയിച്ചാല്‍ അത് ഭൂരിപക്ഷം മനസ്സിലാക്കുകയും ന്യൂനപക്ഷം മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നു. അധികം അപകടകരമല്ലാത്ത ഈ അവസ്ഥ ആയിരത്തില്‍ കുറച്ച് പേര്‍ക്ക് തീര്‍ച്ചയായും കാണും. നമ്മുടെ കേരളത്തില്‍ തന്നെ കുറേയേറെ അന്ധവിശ്വാസങ്ങള്‍ ഭൂരിപക്ഷ സമരത്താല്‍ ഉന്മൂലനം ചെയ്യപ്പെട്ടപ്പോഴും ഈ ഒരു കാര്യം നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്.

        ഇനി സത്യാവസ്ഥ. 2+2=4 ആണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ശരിയല്ല എന്ന് പറയുന്ന വ്യക്തിയെ സമനില തെറ്റിയ ഒരാളായെ സമൂഹം കാണുള്ളൂ. പെട്ടെന്നൊരു ദിവസം ഒരു പ്രകോപനവുമില്ലാതെ , ഭയപ്പെടുത്തി ലോകം അംഗീകരിച്ച ആ ശരി ശരിയല്ലെന്ന് വാദിക്കുന്നു. അത് തികച്ചും ശരിയായിരുന്നിട്ടും ഭൂരിപക്ഷം ശരിയല്ലെന്ന് അംഗീകരിക്കുകയും പുതിയ ഉത്തരം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍. ഭൂരിപക്ഷം എന്നതാണ് ഇവിടെ തികച്ചും അപകടം. എന്തെന്നാല്‍ അവര്‍ സത്യം മനസ്സിലാക്കാതെ അന്ധമായ് വിശ്വസിക്കുന്നു. ശരി എന്താണെന്ന് വിളിച്ച് പറയുന്ന ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യുന്നു.

      സാമൂഹിക വ്യവസ്ഥ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു അവസ്ഥാ വിശേഷമാണ് സംവിധായകന്‍ ഈ ഹ്രസ്വ ചിത്രത്തിലൂടെ പങ്ക് വച്ചത്. കാര്യങ്ങളെ അന്ധമായ് വിശ്വസിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരെ, സമൂഹത്തെ ഇന്നത്തെ ദിവസത്തിലും നമുക്ക് നിറയെ കാണാന്‍ സാധിക്കും. ഫേസ്ബുക്കിലും വാട്ആപ്പിലും വരുന്ന ഫെയ്ക്ക് ന്യൂസുകള്‍ പെട്ടെന്ന് തന്നെ വൈറല്‍ ആകുന്നതും ഈ ഒരു കാരണം കൂടി കൊണ്ടാണ്. പൂര്‍ണ്ണാന്ധത വിദൂരമല്ല എന്ന സംവിധായകന്റെ ഓര്‍മ്മപ്പെടുത്തല്‍ കാലിക പ്രസക്തിയുള്ളതാണ്. ഈ ഹ്രസ്വചിത്രത്തില്‍ അവസാനത്തെ ഒരു സീനുണ്ട്, തെറ്റ് മനസ്സിലാക്കിയിട്ടും അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവര്‍. അവരും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തെറ്റാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെങ്കില്‍ ഭയപ്പെടാതെ പ്രതികരിക്കണ്ടതാണ്.

          ISIS പോലെയുള്ള തീവ്രവാദ സംഘടനകള്‍ തികച്ചും നിരര്‍ത്ഥകമായ മൂല്യങ്ങള്‍‍ ഭയപ്പെടുത്തിയോ വിശ്വാസത്തിന്റെ പേരിലോ അടിച്ചേല്‍പ്പിക്കുകയാണ്. മതത്തിന്റെ പേര് കൂട്ടു പിടിച്ച് ഈ പറഞ്ഞ അര്‍ത്ഥത്തിലോ മോഹവലയത്തില്‍ പെടുത്തിയോ സംഘത്തില്‍ ചേര്‍ക്കുന്നവയാണ്. എന്ത് തന്നെയായാലും ഇറാനില്‍ നിന്ന് ഒരു വ്യക്തി ഈ ഒരു വിഷയത്തില്‍ ഭയലേശമില്ലാതെ തന്റെ ആശങ്ക പങ്കു വച്ചതില്‍ അഭിമാനിക്കാം.
      

        ഹ്രസ്വചിത്രത്തിന്റെ ലിങ്ക് :

https://youtu.be/EHAuGA7gqFU

            © രാകേഷ് രാഘവന്‍

        Pic courtesy : Google

No comments:

Post a Comment